എന്തെഴുതണം, എന്തെഴുതണം എന്നിങ്ങനെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ്... എന്തിനാണെഴുതുന്നത് എന്ന
ചിന്ത മനസ്സിനെ ശക്തമായി മഥിക്കാന്‍ തുടങ്ങിയത്...കുറച്ചു കഴിഞ്ഞപ്പോളാണ് അങ്ങനെ ഞാന്‍ ചിന്തിക്കാന്‍ പാടില്ലല്ലോ എന്ന് ചിന്തിച്ചത്... കാരണമെന്തെന്നാല്‍ എന്നെപ്പോലെ മനുഷ്യ മനസ്സുകളെ അമ്മാനമാടുന്ന...കിടക്കട്ടെ ഒരു വിശേഷണം എനിക്കും... ഒരു പ്രശസ്ത സാഹിത്യകാരന് അങ്ങനെ ചിന്തിച്ചാല്‍ ഈ ലോകത്തിന്റെ ഗതി എന്താകും !! ഇത്രയധികം പേരും പ്രശസ്തിയും ഉള്ള ഒരാള്‍, വളര്‍ന്നു വരുന്ന മറ്റ് എഴുത്തുകാര്‍ക്ക് പ്രചോദനമാകേണ്ട ഒരു'വന്‍' (ചുമ്മാതാ...ഇവിടാരും വളര്‍ന്നു വരുന്നൊന്നുമില്ല, ഉള്ളവരൊക്കെ 'മഞ്ഞ'യിലും 'നീല'യിലും ഉത്തരാധുനികത എന്ന, കാണ്ടാമൃഗത്തിന്റെ തോലിനെക്കാള്‍ കട്ടിയുള്ളൊരു വാക്ക് കൊണ്ട് പെയിന്റ് അടിച്ചു വില്ക്കുന്നവരാ...! പിന്നെ, അപൂര്‍വ്വം ചിലരുണ്ട്( ഉദാ: ഞാന്‍ തന്നെ) അവര്‍ക്ക് കൂടുതലും സാമൂഹ്യപ്രവര്ത്തനമാ, എന്ന് വച്ചാല്‍, ഞങ്ങളില്ലെങ്കില്‍ ആഗോള താപനവും, ആഗോളീകരണവും, പിന്നെയും എന്തൊക്കെയോ പല വിപത്തുകളും ഇവിടെ എന്നോ സംഭവിച്ചേനെ എന്ന് ഭാവിക്കുന്നവര്‍...ഇതൊക്കെ എന്താണെന്ന് മാത്രം ചോദിച്ചേയ്ക്കരുത്...ഒടേ തമ്പുരാനറിയാം) ഒരിക്കലും അങ്ങനെ ചിന്തിക്കാനേ പാടുള്ളതല്ല...പിന്നെന്താ പെട്ടെന്ന് എനിക്കങ്ങനെ തോന്നാന്‍ ?!, ഓ എന്തായാലും തോന്നിയത് തോന്നി, ഇനിയിങ്ങനെ തോന്നില്ല എന്ന ഉറച്ച തീരുമാനം അപ്പോള്‍ തന്നെ ഞാന്‍ എടുത്തു...ഞാന്‍ എന്റെ ഷെല്‍ഫിലേക്ക് നോക്കി...വേര്‍ഡ്സ് വര്‍ത്തും, കീറ്റ്സും, ഷെല്ലിയും, ഷെയ്ക്സ്പിയറും ഒക്കെ എന്നെ നോക്കി വെളുക്കെ ചിരിക്കുന്നു... ഹൊ എഴുതാന്‍ തുടങ്ങണം, ഇത്രയധികം റഫറന്്സസ് ഇവിടെയുള്ളപ്പോ എന്തെഴുതണം എങ്ങിനെയെഴുതണം എന്ന് ചിന്തിച്ച എന്നെയൊക്കെ വേണ്ട പണിയുണ്ട്...ഇനി അല്പസ്വല്പം 'ഉത്തരാധുനികത' ഇവയുടെ മലയാളം പരിഭാഷയില്‍ തിരുകി കയറ്റുകയെ വേണ്ടു...
കഥ എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പേ പേരിടണം, ഇപ്പോഴൊക്കെ അങ്ങനെയാണ് !!
കൊള്ളാം നല്ല പേര്, 'ഇപ്പോഴൊക്കെ അങ്ങനെയാണ്', ഹൊ എന്നെക്കൊണ്ട് തോറ്റു...
ഇനി കഥ തുടങ്ങാം...
'വെനീസിലെ വ്യാപാരി ആഞ്ഞു വലിച്ചു പുറത്തേയ്ക്ക് തള്ളിയ ചുരുട്ടിന്റെ പുകയില്‍ ഉരുണ്ടു കൂടിയ പുത്തന്‍ മധ്യ വര്‍ഗ ആശയങ്ങളെ, ബോധിവൃക്ഷച്ചുവട്ടിലിരുന്ന ഏതോ ശിലായുഗ മഹാനുഭാവന്റെ ചിന്താ ധാരകള്‍ പിടിച്ചെടുത്തു എന്ന് മനസ്സിലാക്കിയ നമ്മുടെ നായകന്...'
കൊള്ളാം തുടക്കം ഗംഭീരമായി...എടിയേ, എന്റെ ഷര്‍ട്ട് ഇങ്ങോട്ടെടുത്തെ, അകത്തേയ്ക്ക് നോക്കി എന്റെ നല്ല പാതിയോടു വിളിച്ചു പറഞ്ഞിട്ട് കസേരയില്‍ നിന്നും ഞാന്‍ പതുക്കെ എണീറ്റു... ഇനി 'മരീന' യുടെ മാറില്‍ ഇത്തിരി നേരം...മാന്യ വായനക്കാരാ തെറ്റിദ്ധരിക്കരുത്, അതിവിടുത്തെ ബാര്‍ ആണ്... ഇനി രണ്ടെണ്ണം പിടിപ്പിച്ചിട്ട് വന്നിട്ട് ഷെല്ലിയെ കൈ വയ്ക്കാം, അപ്പോഴേയ്ക്കും കഥ ഏതാണ്ട് രൂപപ്പെടും...പൂര്‍ത്തിയായാല്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് ഡല്‍ഹിയില്‍ പോകണം, ഞങ്ങളെപ്പോലുള്ളവരുടെ താവളം ഇപ്പൊ അവിടെയ്ക്ക് മാറ്റിയല്ലോ ! അടുത്ത ഇലക്ഷനില്‍ ആരു വരും എന്ന് നോക്കട്ടെ... എന്നിട്ട് വേണം ഞാന്‍ മടങ്ങി വരുമ്പോള്‍ കിട്ടാന്‍ പോകുന്ന സ്വീകരണ യോഗത്തില്‍ ഭരണകൂട ഭീകരതയെപറ്റി രണ്ടു വാക്ക് പറയാന്‍...ഭരണകക്ഷിയുടെ ആരെങ്കിലും കൈ വച്ചാല്‍ അതും വാര്‍ത്തയാകും...
ഓക്കേ... അപ്പൊ ഇനി അന്ന് ചാനലില്‍ കാണാം, നിങ്ങളുണ്ടാകുമല്ലോ അല്ലെ? നിങ്ങളില്ലാതെ എന്ത് വാര്‍ത്ത?
Nice ,I think u got right place to show ur mind
ReplyDeleteKeep writing